സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.[അവലംബം ആവശ്യമാണ്]