സി.രാധാകൃഷ്ണന്റെ മുഴുവൻ പേര്ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ്. 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. 1993 ലെ മഹാകവി ജി പുരസ്ക്കാരം നേടിയ കൃതിയാണ് "വേർപാടുകളുടെ വിരൽപ്പാടുകൾ". എല്ലാവരും അന്യരാകുന്നു. സുഖമന്വേഷിച്ചു നടന്ന് ദുഖങ്ങളിൽ വീണുണ്ടാകുന്ന ദുരന്തങ്ങൾ വൈകാരികമായി ഈ കൃതിയിൽ വിശകലനം ചെയ്യുന്നു.