ചപലവും അസ്ഥിരവുമെങ്കിലും ഭദ്രമെന്നു കരുതപ്പെടുന്ന ജീവിതങ്ങളിലേക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും നൈരാശ്യങ്ങളും ഒപ്പം ഇത്തിരി സന്തോഷങ്ങളും അനാവരണം ചെയ്യുന്ന നോവൽ, ചെറിയ ആനന്ദങ്ങളും നീരസങ്ങളുമൊക്കെയായി സ്വച്ഛമായൊഴുകുന്ന ഓളപ്പരപ്പുകളിൽനിന്ന് ആകസ്മികമായി നിലയില്ലാത്ത ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ജീവിതങ്ങൾ പത്തു വർഷമായി കിടപ്പുരോഗിയായ വിനോദിനിയുടെയും അവരെ ശുശ്രൂഷിക്കുന്ന രത്നമേഖലയുടെയും അവളുമായടുക്കുന്നവരുടെയും അനുഭവങ്ങളിൽ പ്രണയവും, അധികാരവും മരണവും കവിതയും കാമവും വേർതിരിച്ചെടുക്കാനാവാത്തവിധം കൂടിക്കലരുന്നു. ജീവിതത്തിലെ അല്പമാത്രമായ ആനന്ദമൂർച്ചകളുടെ ഭാരം ചിലപ്പോഴൊക്കെ അവർക്ക് താങ്ങാനാവാത്തതാവുന്നു. എല്ലാം അസ്ഥിരമാണെന്നറിഞ്ഞിട്ടും ആസക്തിയോടെ ലോകത്തിൽ അള്ളിപ്പിടിക്കാൻ വെമ്പുന്ന മനുഷ്യരുടെ വേവലാതികളെ ദാർശനികമായി നോക്കിക്കാണാനുള്ള ശ്രമവും ഈ കൃതിയിൽ കാണാം.