ഒരു മലയാളസാഹിത്യകാരനാണ് സേതു എന്ന എ. സേതുമാധവൻ. 1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളിൽ 33 കൃതികൾ. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം. ഏറെ ചർച്ചചെയ്യപ്പെട്ട ദൂത് ഉൾപ്പടെ പതിനേഴ് കഥകളാണ് ഈ പുസ്തകത്തിൽ. ദൂതിലെ പ്രശ്നങ്ങളും, നാടകീയതയും എതിർഭാവനയിലൂടെ നമ്മുടെ കാലത്തിലെ മനുഷ്യന്റെ അവസ്ഥയിലേക്ക് കൊണ്ടുവരികയാണ് സേതു ചെയ്തിരിക്കുന്നത്.