പി.ആർ. രാമവർമ്മരാജാ പൂഞ്ഞാർ രാജകുടുംബത്തിലെ ഒരംഗമായി 25-8-1904-ൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമത്തിൽ ജനിച്ചു. ഇദ്ദേഹം ആലക്കോട് രാജാവെന്ന അപരനാമധേയത്തിലും വിഖ്യാതനാണ്. മദ്രാസ് പ്രസിഡൻസി കാളേജിൽ നിന്നും ചരിത്രത്തിൽ ബിരുദമെടുത്ത ശേഷം തിരുവിതാംകൂർ സ്റ്റേറ്റ് സർവ്വീസിൽ പ്രവേശിച്ചു. കുറച്ചു കാലം സെക്രട്ടറിയേറ്റിലെ ഒരു ക്ലർക്ക് എന്ന നിലയിൽ പ്രവർത്തിച്ചശേഷം സ്റ്റേറ്റ് വെർണാക്കുലർ റിക്കാർഡ് സൂപ്രണ്ട് എന്ന തസ്തികയിൽ നിയമിതനായി. ഇക്കാലത്ത് പല ചരിത്ര രേഖകളും പരിശോധിയ്ക്കുന്നതിനുള്ള സന്ദർഭം ഇദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 1932 മുതൽ തിരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ടുമെൻറിൽ അസിസ്റ്റന്റ് കമ്മീഷണർ എന്ന നിലയിൽ പതിനെട്ടു വർഷക്കാലം പ്രവർത്തിച്ചതിനുശേഷം ജോലിയിൽ നിന്നും രാജിവച്ച് വടക്കേ മലബാറിൽ താൻ വിലയ്ക്കു വാങ്ങിയ സ്ഥലത്ത് കുടിയേറി കർഷകവൃത്തി സ്വീകരിച്ചു. ആലക്കോട് കുടിയേറ്റ ഗ്രാമം സ്ഥാപിച്ചതും, അരങ്ങം മഹാദേവക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്ത് പുനഃസ്ഥാ പിച്ചതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളിൽ പെട്ട ചില വസ്തുതകൾ മാത്രമാണ്. പുരാണങ്ങൾ, ഇതിഹാസങ്ങൾ, ചരിത്രങ്ങൾ എന്നിവയെല്ലാം കഥാസാഹിത്യകൃതികൾ തന്നെയാണ്. ഇവയിൽ പുരാണങ്ങൾ സമഗ്ര ചരിത്രകഥകളും, ഇതിഹാസങ്ങൾ പ്രത്യേക ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി രചിയ്ക്കപ്പെട്ട കഥകളും ആണ്. പുരാണങ്ങളിലും, ഇതിഹാസങ്ങളിലും അതിശയോക്തി ഏറെക്കുറെ ഉണ്ടാകാം. എന്നാൽ, ചരിത്രങ്ങൾ കഴിവതും, യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കി എഴുതപ്പെട്ടിട്ടുള്ളവയായിരിയ്ക്കണം. എങ്കിലേ അവയ്ക്ക് വിശ്വാസ്യത കൈവരികയുള്ളു. ശബരിമല അയ്യപ്പനെക്കുറിച്ച് വളരെ അധികം കഥകൾ പ്രചാരത്തിലുണ്ട്. ഇതിൽ പലതും പരസ്പര വിരുദ്ധങ്ങളും അതിശയോക്തിപരങ്ങളും ആണ്. ഈ കഥകൾ എല്ലാംതന്നെ അപഗ്രഥിച്ച്, വിലയിരുത്തി യുക്തിസഹമായവ മാത്രം സ്വീകരിച്ച്, അവയെപ്പറ്റി അവഗാഢമായി ഗവേഷണം ചെയ്ത് എഴുതിയ ഒരു ചരിത്രഗ്രന്ഥമാണ് ഇത്. അയ്യപ്പൻ ശബരിമല ധർമ്മശാസ്താവിന്റെ ഒരു അവതാരം തന്നെയാണ് എന്ന് ഗ്രന്ഥകർത്താവ് സമർത്ഥിയ്ക്കുന്നു. ഒരു അവതാര പുരുഷനെന്നതിലുപരി ഒരു യുഗപുരുഷനായിട്ടു തന്നെ അയ്യപ്പനെ ഇവിടെ ചിത്രീകരിയ്ക്കുന്നു. അയ്യപ്പഭക്തൻമാർക്കെല്ലാവർക്കും അവരുടെ വിശ്വാസത്തെ ദൃഢമായി ഉറപ്പിയ്ക്കുന്നതിനും, അയ്യപ്പസ്വാമിയുടെ ആദർശങ്ങളേയും ഉപദേശങ്ങളേയും ശരിയായി മനസ്സിലാക്കി, തങ്ങളുടെ ജീവിതത്തിൽ പകർത്തുന്നതിനും ഈ ഗ്രന്ഥം ഉപകരിയ്ക്കും.