പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.പത്മനാഭപ്പിള്ളയുടെ മാസ്‌റ്റർപീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ ശബ്ദതാരാവലിയെന്ന നിഘണ്ടു തന്നെയാണ്. 32-മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി എഴുതിത്തുടങ്ങിയത്. 1918ൽ മാസികാരൂപത്തിലാണു് ഈ കൃതിയുടെ ആദ്യഭാഗങ്ങൾ പുറത്തിറങ്ങിയത്. 1923-ൽ ഒന്നാമത്തെ പതിപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.മലയാളനിഘണ്ടുക്കളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരവും പ്രാമാണികത്വവും ലഭിച്ച കൃതി ശബ്ദതാരാവലിയാണു്, ആദ്യത്തെ സമ്പൂർണ്ണമലയാളനിഘണ്ടുവായി പരിഗണിക്കപ്പെടുന്നതു് ശബ്ദതാരാവലി തന്നെയാണു്.