വാല്മീകി രചിച്ച പ്രസിദ്ധമായ രാമായണേതിഹാസത്തിന് പിൽക്കാലത്തുണ്ടായ ഒരു പുനരാഖ്യാനനമാണ് അധ്യാത്മരാമായണം. ശ്രീരാമനെ പരമാത്മാവിന്റെ അവതാരമായി കല്പിച്ചുകൊണ്ടുള്ള ഇതിലെ പ്രതിപാദനം മുഖേന ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാൻ കവി ചെയ്തിട്ടുള്ള യത്നം പുരസ്കരിച്ചാണ് ഈ കൃതിക്ക് അധ്യാത്മരാമായണം എന്ന പേര് നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള രാമഗീത, ലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്റെ ദിവ്യകഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു. വാല്മീകിരാമായണത്തിന്റെ അനുബന്ധങ്ങളോ തുടർച്ചകളോ രൂപഭേദങ്ങളോ വിവർത്തനങ്ങളോ ആയി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള അത്ഭുതരാമായണം, ആനന്ദരാമായണം, ശതമുഖരാമായണം, പാതാളരാമായണം, വസിഷ്ഠരാമായണം (യോഗവാസിഷ്ഠം) തുടങ്ങിയ രാമേതിഹാസങ്ങളിൽ ഏറ്റവും പ്രസിദ്ധിയും പ്രചാരവുമുള്ള ഒന്നാണ് അധ്യാത്മരാമായണം.