ചലച്ചിത്രവും സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട കൃതികൾ ശ്രീ കോട്ടയം പുഷ്പനാഥ് രചിച്ചിട്ടുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'മരണമാളിക'.എഴുപതുകളിലാണ് സിനിമ പ്രമേയമായി വരുന്ന അദ്ദേഹത്തിന്റെ നോവലുകൾ കൂടുതലും പ്രസിദ്ധീകരിച്ചത്. എന്നിരുന്നാലും ഇന്നത്തെ സിനിമ ചിത്രീകരണ മേഖലയിലും ഈ നോവലിലേത് പോലുള്ള സമാന സംഭവങ്ങൾ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. പഴയ മദ്രാസിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷൻ പശ്ചാത്തലമാക്കി 1977ൽ രചിക്കപ്പെട്ട നോവലിൽ ചിത്രീകരണത്തിനിടെ ഒരു ബംഗാളി സിനിമാനടി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നതോടുകൂടി സംഭവബഹുലമായ കഥ ആരംഭിക്കുന്നു. മരണപ്പെട്ട നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു.