മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം:[മേയ് 28], 1946 - ). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു. തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി..1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലിഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയും ആയി പ്രവത്തിക്കുന്നു. ഇദ്ദേഹത്തിന്റെ എഴുപത്തഞ്ചാം പിറന്നാളോടനുബന്ധിച് സുഹൃത്തുക്കൾ അദ്ദേഹത്തെ വിലയിരുത്തുന്ന ലേഖനങ്ങളാണ് "സൗഹൃദത്തിന്റെ സത്യവാങ്മൂലം" എന്ന സമാഹാരത്തിൽ.