ചരിത്രകാരനും ഗവേഷകനും കോളമിസ്റ്റുമായ മനു എസ്. പിള്ള 1990 ൽ കേരളത്തിലെ മാവേലിക്കരയിലാണ് ജനിച്ചത്. പൂനെയിലാണ് അദ്ദേഹം വളർന്നത്.പൂനെയിലെ ഫെർഗൂസൺ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടി. ബിരുദാനന്തര ബിരുദത്തിന് ശേഷം ന്യൂഡൽഹിയിലെ ശശി തരൂറിന്റെ പാർലമെന്ററി ഓഫീസിലും ലണ്ടനിലെ കരൺ ബിലിമോറിയ പ്രഭുമായും പ്രവർത്തിച്ചു.അമ്പത് മഹത്തായ ജീവിതങ്ങളിലൂടെ ഇന്ത്യയുടെ കഥ പറയുന്ന ബിബിസി സീരീസ്, Incarnations വിത്ത് സുനിൽ ഖിൽനാനി, ഗവേഷകനായും അദ്ദേഹം പ്രവർത്തിച്ചു. 2017 ൽ അദ്ദേഹം ഒരു മുഴുവൻ സമയ ചരിത്രകാരനും എഴുത്തുകാരനുമായി.'''ദന്ത സിംഹാസനം''' : തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികൾ, എന്ന സാഹിത്യസൃഷ്‌ടിയുടെ അരങ്ങേറ്റത്തിലൂടെയാണ് മനു സാഹിത്യലോകത്തേക്ക് കടന്നുവന്നത്. ആറുവർഷക്കാലത്തെ ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ് ഇരുപത്തിനാലാം വയസ്സിൽ മനു എസ് പിള്ള തന്റെ ആദ്യ കൃതിയായ, 700 ഓളം താളുകളുള്ള ഐവറി ത്രോൺ പ്രസിദ്ധീകരിക്കുന്നത് . ഈ പുസ്തകത്തിന് 2017ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരവും ലഭിച്ചു .ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ൽ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണിൽ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു. സാർവ്വജനീനസ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യാപാര സമൂഹത്തിന്റെ ഉടയാട- അറബി, ജൂത, ചൈനീസ് വ്യപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന- പിച്ചിച്ചീന്തപ്പെടുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘർഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീർഘകാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കണ്ടെത്തിയ വിവരങ്ങൾ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.