വില്യം ഡാൽറിമ്പിൾ ഇന്ത്യാ പ്രേമിയായ ബ്രിട്ടിഷ് ചരിത്രകാരൻ.ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ,ടെലിവിഷൻ പ്രക്ഷേപകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡാൽ റിമ്പിൾ നിരവധി സാഹിത്യ/സാംസ്ക്കാരിക പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യ മുഖ്യ പ്രമേയമായ നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്റ്റികളും രചിച്ചിട്ടുണ്ട്.ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായിരുന്ന ഇന്ത്യ, കോളനിവത്കരിക്കപ്പെട്ടതിന്റെ കഥയാണ് വില്ല്യം ഡാൽറിമ്പിൾ അനാർക്കി എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്. 1599-ൽ ലണ്ടനിലെ ഒരു കൊച്ചുമുറിയിൽ ആരംഭിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനി, ഇന്ത്യൻ ഉപഭൂഖണ്ഡത്തെതന്നെ നശിപ്പിക്കുവാൻ പ്രാപ്തമായ ഒരു വലിയ സൈനികശക്തിയായി മാറി. ഇതിനു കാരണമായ സുപ്രധാന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് നാം ഇവിടെ കടന്നുപോകുന്നത്. നിർണായകനീക്കങ്ങളും അധിനിവേശങ്ങളും അവയ്‌ക്കെതിരേയുള്ള പ്രതിരോധങ്ങളും വിവരിക്കുമ്പോൾ ഒരിടത്തു പോലും ചലനാത്മകത നഷ്ടപ്പെടാതെ കാക്കുവാൻ ഡാൽറിമ്പിളിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രപുസ്തകങ്ങളിൽ നിർജീവമായി കിടന്ന സംഭവങ്ങളെ ഒരു നോവലിന്റെ കൈയടക്കത്തോടെ വിവരിച്ചിരിക്കുന്ന ഈ കൃതി മറക്കാനാകാത്ത ഒരു അനുഭവമാകും വായനക്കാരന് നൽകുക.