കൊച്ചിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജൂതജീവിതം വരച്ചിടുന്ന നോവല്‍. നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരോടിച്ച ഒരു സമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായതിന്റെ കഥ പറയുകയാണ് സേതു. ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിച്ച്, ഒരു സംസ്‌കാരചരിത്രം അടയാളപ്പെടുത്തുന്ന നോവല്‍.കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തിൽ യഹൂദർ (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളിൽ ജൂതദേവാലയങ്ങൾ ഇപ്പോഴുമുണ്ട്.പ്രായപൂർത്തിയായ പത്തു പേരെങ്കിലും ആരാധനയിൽ പങ്കുകൊള്ളണമെന്ന മതനിയമം അനുഷ്ഠിക്കാനുള്ള വൈഷമ്യം മൂലം ഇവയിൽ പലതും ചരിത്രാവശിഷ്ടങ്ങളായി. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളി (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.