കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച് 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി.കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. .മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു.