സവിശേഷമായൊരു രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ.ശുദ്ധഹാസ്യത്തിൻ്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി. കെ. എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എൻ എഴുതി. മലയാളസാഹിത്യത്തിൽ ആധുനികത ചർച്ചയാകുന്നതിനുമുൻപ് എഴുതിത്തുടങ്ങി, ആധുനികർ എന്നു വിളിക്കപ്പെട്ട എഴുത്തുകാരൊടൊപ്പം നീങ്ങി, പുതിയൊരു വ്യാകരണമനുസരിച്ച് ഒരു കഥാലോകം നിർമ്മിച്ചെടുത്ത അസാധാരണനായ ഒരാൾ എന്ന ചിത്രമാണ് വി.കെ.എന്നിനെപ്പറ്റി ഇപ്പോൾ നിലനിൽക്കുന്നത്. ചില കാര്യങ്ങളിൽ സമകാലികരായ എഴുത്തുകാരോടു ചേർന്നുനിൽക്കുമ്പോൾതന്നെ അവരുടേതിൽനിന്നു വിഭിന്നമായ ലോകചിത്രവും സൗന്ദര്യശാസ്ത്രവുമാണ് വി.കെ.എന്നിന്റെ എഴുത്തിൽ വികസിച്ചത്