ഉറൂബിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടൻ ഭൂപ്രദേശങ്ങൾ, അവിടുത്തെ പേരുകേട്ട നായർ തറവാടുകൾ തുടങ്ങി ഒരു നൂറു വർഷം മുമ്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കിൽ ഉറൂബിന്റെ കഥകൾ വായിച്ചാൽ മതി. പൊന്നാനി പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീല ഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേക്കാൾ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നിൽക്കുന്നതിന്റെ കാരണവുമതാണ്.