തന്റെ പ്രിയപ്പെട്ട ഗാനരചനകളെ ഈണത്തിന്റെ ചിറകിലേറ്റി ഘോഷിച്ച ഏതാനും വിശ്രുത ചലച്ചിത്രസംഗീതകാരന്മാരോടൊപ്പം നിവർത്തിച്ച പാട്ടുകാലത്തെക്കുറിച്ചുള്ള സ്പന്ദിക്കുന്ന ഓർമ്മകളാണ് പ്രിയകവി ഒ.എൻ.വി. ഈ താളുകളിലൂടെ നമുക്കു സമ്മാനി ക്കുന്നത്. ഒ.എൻ.വി.രചനയ്ക്ക് ആദ്യമായി സംഗീതം പകർന്ന ജി. ദേവരാജനിൽ തുടങ്ങി ബാബുരാജ്, എം.ബി. ശ്രീനിവാസൻ, വി. ദക്ഷിണാമൂർത്തി, സലിൽ ചൗധുരി, ബോംബെ രവി, കെ. രാഘവൻ, ജോൺസൺ, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, എ.ടി. ഉമ്മർ, ഉദയഭാനു എന്നിവരുമായി പങ്കിട്ട ജന്മാന്തരസൗഹൃദ ത്തിന്റെ സ്മരണയ്ക്കുമുൻപിൽ അർപ്പിക്കുന്ന ബലിപുഷ്പങ്ങൾ ആയിരിക്കുന്നു അക്ഷരാർത്ഥത്തിൽ ഈ ഓർമ്മച്ചിത്രങ്ങൾ. ഇളയരാജ, ശ്യാം, എം.കെ. അർജ്ജുനൻ, ഔസേപ്പച്ചൻ, രഘുനാഥ് സേത്ത്, വിശാൽ ഭരദ്വാജ്, ഉത്തം സിങ്, എസ്.പി. വെങ്കടേഷ് എൽ. വൈദ്യനാഥൻ, വിദ്യാസാഗർ, മോഹൻ സിതാര, വിദ്യാധരൻ ശരത്, ബി. ജയചന്ദ്രൻ തുടങ്ങി പലരുമായുള്ള സംഗീതവേഴ്ചകളെക്കുറിച്ചുള്ള ഓർമ്മകൾ പരിശിഷ്ടമായി ബാക്കിനിർത്തിക്കൊണ്ടാണ് അദ്ദേഹം ഈ ഓർമ്മപ്പുസ്തകം അവസാനിപ്പിക്കുന്നതും. പാട്ടും കവിതയും തമ്മിലുള്ള അന്യോന്യത്തെ അനുഭവത്തിൽ നിന്നും അനുപാതപ്പെടുത്തിക്കൊണ്ടാണ് തുടക്കം. ലൈ മ്യൂസിക്' എന്ന സംഗീതവിഭാഗത്തിന് 'ലളിതസംഗീതം' എന്ന പേരിട്ടത് പി. ഭാസ്കരനാണെന്നു കേട്ടിട്ടുണ്ട്. ആ വിശേഷണത്തോട് നൂറു ശതമാനം ചേർന്നുനിൽക്കുന്ന ഗാനങ്ങൾ എല്ലാ ഭാഷയിലും ഉണ്ടായ കാലം. “ഊഴിയിൽ ചെറിയവർക്കറിയുവാനും ആസ്വദിക്കാനും ഗാനങ്ങളുണ്ടായി പ്രചാരം നേടിയ ഒരു കാലം. ഇന്ത്യയിൽ പലയിടത്തും രൂപം കൊണ്ട് ഐ.പി.ടി.എ.യാണ് ഇവിടെ ഒരു പുതിയ സംഗീതസംസ്കാരത്തിന് വഴിയൊരുക്കിയത് ഒ.എൻ.വി. ഓർക്കുന്നു. ബോധപൂർവ്വമോ അല്ലാതെയോ അതിൽ പങ്കുചേരുംവിധമുള്ള നാടകങ്ങളും പാട്ടുകളും കേരളത്തിലുമുണ്ടായി. ആ നിരയിൽ ഒരു പാട്ടുകാരനായി അണിചേർ കാലത്തെക്കുറിച്ചുള്ള ചൈതന്യമാർന്ന ഓർമ്മകൾ ഒ.എൻ.വി പങ്കുവയ്ക്കുന്നു.