മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ."