സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ. "തമസോ മാ" എന്ന പുസ്തകം ഇദ്ദേഹത്തിന്റെ പല നോവലെറ്റുകളുടെ സമാഹാരമാണ്. ഏതു വെളിച്ചത്തിലും ഇരുളുണ്ടാകാമെന്നും എതിര്‌ളിലും വെളിച്ചവുമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് നമ്മെ ജീവിപ്പിക്കുന്നത് എന്ന് സുന്ദരമായി ഈ ആഖ്യാനങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.