ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ . ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.