ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള .സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടി. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഇതൊരു എപ്പിസ്റ്റോളറി ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്.കാർപത്യൻമലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. തന്റെ ചൈതന്യം നിലനിർത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷകൻ കഥാപാത്രം ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു.