“ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെ ക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കി ക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലുടെയാവാം ആ ഗുരുദർശനം ഒരുപക്ഷേ, പൂർണ്ണ മായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് ഗുരുപൗർണ്ണമി ഈ നൂറ്റാണ്ടിന്റെയല്ല. വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്. -മഹാകവി അക്കിത്തം "ഗുരുപൗർണ്ണമി വെറുമൊരു കാര്യമല്ല. ജീർണ്ണാവസ്ഥയിൽനിന്ന് വർത്തമാനസമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ്. അദ്വൈതവേദാന്തത്തിന്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്കാരമാണ്. സർവ്വോപരി ഈ കാലഘട്ടത്തിന്റെ ആവശ്യ വുമാണ്. പി. പരമേശ്വരൻ."ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'വും 'ഗുരുപൗർണ്ണമി'യും ഇതിവൃത്തമാക്കിയിരിക്കുന്ന വിഷയങ്ങൾ തമ്മിൽ കാലഗണനപ്രകാരം പൂർവ്വാപരബന്ധമുണ്ട്. ദേശീയനവോത്ഥാനത്തിന്റെ ഭാഗമെന്നോണം കേരളത്തിൽ ജ്വലിച്ചുയർന്ന് പ്രകാശം വിതറിയത് ശ്രീനാരായണഗുരു ദേവനാണ്. ആ ഗുരുദേവൻ തന്നെയാണല്ലോ 'ഗുരുപൗർണ്ണമി'യുടെ ഇതിഹാസപുരുഷൻ. പത്തൊമ്പതാം നൂറ്റാണ്ടിലുദിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽത്തന്നെ അന്തർദ്ധാനം ചെയ്ത ഗുരുദേവൻ സമഗ്രവും ദൂരവ്യാപകവുമായ പരിവർത്തനങ്ങൾക്ക് സാരത്ഥ്യം വഹിച്ചു. ഭാരതത്തിന്റെ ആത്മാവായ ആദ്ധ്യാത്മികതയിൽ അതും അതിന്റെ സാരസർവ്വസ്വമായ അദ്വൈതവേദാന്തത്തിൽ ഊന്നിനിന്നുകൊണ്ടാണ് ഗുരുദേവൻ നവോത്ഥാനപ്രക്രിയയുടെ രൂപരേഖയും കർമ്മമാർഗ്ഗവും അവതരിപ്പിച്ചത്. ഗുരുദേവന്റെ സന്ദേശത്തെയും പ്രവൃത്തികളെയും മുഴുവൻ ജീവിതത്തെയും അതിമനോഹരവും അത്യന്തലളിതവും ഹൃദയസ്പർശിയും ആയ രീതിയിൽ അവതരിപ്പിക്കുന്നതിൽ രമേശൻ നായർ അസാമാന്യമായ വിജയം കൈവരിച്ചിരിക്കുന്നു.എസ്.രമേശൻ നായർ