പുരാതന ഗ്രീക്ക് മഹാകവി ഹോമർ രചിച്ച ഇതിഹാസ കാവ്യം ആണ് ഇലിയഡ്. ഇലിയഡ് എന്ന പദത്തിന്റെ അർത്ഥം ഇലിയത്തിന്റെ ഗാഥ എന്നാണ്. ഇലിയം എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞിരിക്കുന്ന ഈ ഇതിഹാസം ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അഗമെമ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും പ്രതിപാദിക്കുന്നു. ബി സി എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഇലിയഡ്, ഹോമറുടെ തന്നെ ഒഡീസിയോടൊപ്പം പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന രചനകളിൽ പെടുന്നു. ഏകദേശം 15,700 വരികൾ ഇലിയഡിൽ ഉണ്ട്.