വിക്ടർ-മരീ യൂഗോ ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു. ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസറാബ്ലെ' (പാവങ്ങൾ), നോത്ര്ദാം ദ് പറീ (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത് .വിക്ടർ മാരി ഹ്യുഗോ ഫ്രാൻസിലെ ബെസാൻകോൺ എന്ന സ്ഥലത്തു 1802 ഫെബ്രുവരി 26 ന് ജനിച്ചു. ചെറുപ്പത്തിൽത്തന്നെ കവിതകളും കഥകളും എഴുതി പേരെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ "പാവങ്ങൾ" എന്ന കൃതി പേര് സൂചിപ്പിക്കുന്നതുപോലെ പാവങ്ങളുടെ കഥതന്നെയാണ്. ദാരിദ്ര്യം, വ്യഭിചാരം, അധോലോകം, കുറ്റകൃത്യങ്ങൾ, പ്രേമം എല്ലാമടങ്ങിയതാണ് ഈ കൃതി.