മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. എം. മുകുന്ദൻ എഴുതിയ ഒരു നോവലാണ് കുട നന്നാക്കുന്ന ചോയി. മാധ്യമം ആഴ്ചപ്പതിപ്പിൽ തുടർച്ചയായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. മയ്യഴിയിൽ നിന്ന് കപ്പൽ കയറി ഫ്രാൻസിലേക്ക് പോകുന്ന കുടപ്പണിക്കാരൻ ചോയി നാട്ടുകാരനും ചെറിയ കുട്ടിയുമായ മാധവന്റെ കയ്യിൽ ഒരു ലക്കോട്ട് ഏല്പിക്കുന്നു. തന്റെ മരണ ശേഷം മാത്രമേ അത് തുറക്കാവൂ എന്ന ആവശ്യപ്പെട്ടാണ് ചോയി ആ ലക്കോട്ട് മാധവനെ ഏല്പിക്കുന്നത്. നീ നല്ലവനാണെന്നും എനിക്ക് തന്നെ മാത്രമേ വിശ്വാസമുള്ളൂ എന്നും ലക്കോട്ട് നൽകുമ്പോൾ ചോയി മാധവനോട് പറയുന്നുണ്ട്. എന്താണ് ആ ലക്കോട്ടിൽ എന്നറിയാനുള്ള നാട്ടുകാരുടെ ഉദ്വേഗം മുകുന്ദൻ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. ഈ പുസ്തകം പുതിയ രചനകളിൽ നല്ല ഒരു വായനാനുഭവം നൽകുന്ന ഒന്നായി നിരൂപകലോകം വിലയിരുത്തുന്നു.