മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ "വിമോചനത്തെ" പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.