ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീഎന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.മലയാള നോവൽസാഹിത്യത്തെ കാലാതിവർത്തിയായി ഉയർത്തിക്കാട്ടുന്ന രചനയാണ് ഖസാക്കിന്റെ ഇതിഹാസം എന്ന ഒ വി വിജയന്റെ നോവൽ. കഥയിലും ആ പ്രതിഭ തെളിഞ്ഞുകാണാം. അതിനു നിദർശനമായ രണ്ടു കഥാസമാഹാരങ്ങളാണ് കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ എന്നീ കൃതികൾ. ആ രണ്ടു കൃതികളുടെ ഒന്നിച്ചുള്ള പുസ്തകമാണിത്. വായനക്കാർക്ക് വിജയന്റെ സവിശേഷമായ കഥാലാവണ്യം ഒന്നിച്ചനുഭവിച്ചറിയാൻ ഇങ്ങിനെയൊരു സമാഹാരം ഉപകരിക്കുന്നു.