വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനംതത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാല ത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർ താമസിച്ചത് അവിടെയായിരുന്നു. അവർ ഒരു വൃദ്ധസമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവർ, ശയ്യാവലംബിയായവർ, കുനിക്കുനി നടക്കുന്ന വർ, വാർദ്ധക്യത്തിന്റെ വിഷാദം തേടുന്നവർ, മക്കളുപേക്ഷിച്ചവർ. അവർ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവർക്കെല്ലാം പ്രതാപ കാലങ്ങളുണ്ടായിരുന്നു. ഓടിൽ തീർത്ത സ്വർണ്ണനിറമുള്ള തുപ്പൽ കോളാമ്പികൾക്കരികിൽ നിന്ന് ഞാൻ അവരുടെ പഴയ കഥകൾ കേട്ടു. അവർ കരഞ്ഞു; ചിരിച്ചു. പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളി ലൂടെ ഞാൻ അലഞ്ഞു. അമ്പതുകൾക്കുശേഷമുള്ള കേരളീയ ജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങൾ. മറുകരകൾ തേടിപ്പോയവരുടെ ഇരമ്പുന്ന കടലു കളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.----- സർഗ്ഗാത്മകമായ പരീക്ഷണത്തിന്റെ നവലാവണ്യമാണ് കടലിരമ്പങ്ങൾ, നോവലിന്റെ അതിരുകളെ അതിലംഘിച്ച് കാവ്യമേഖലയിലേക്ക് വികസിക്കുന്ന നോവൽ -എം.കെ. സാനു