മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മലയാറ്റൂർ രചിച്ച നോവലാണ് പൊന്നി (1967).അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലത്തിന്റെ ആചാരങ്ങളെ വകവെക്കാതെ വിദ്യാഭ്യാസം നടത്തുകയും മറ്റൊരു വർഗത്തിൽപ്പെട്ട പുരുഷനെ സ്നേഹിക്കുകയും ചെയ്യുന്ന പൊന്നിയെന്ന ആദിവാസി പെണ്ണ്. അതുപോലെ മുഡുഗ യുവാവായ ചെല്ലൻറെ പ്രണയം അവൾ നിരസിക്കുകയും ചെയ്യുന്നു. വളരെ സങ്കീർണമായ ഒരു പ്രേമകഥ മലയാറ്റൂർ ഇവിടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.