പി. പത്മരാജൻ 1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991).[1] ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതു മൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു. ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു. തൂവാനത്തുമ്പികൾ എന്ന സിനിമക്ക് ആധാരമായ നോവലാണ് "ഉദകപ്പോള". ഒരു പദ്മരാജൻ ക്ലാസ്സിക്.