"ജെ.കെ.റൗളിങ് - പ്രചോദിപ്പിക്കുന്ന ജീവിതകഥ" ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ പുസ്തക ചലച്ചിത്ര ഫ്രാഞ്ചൈസികളിലൊന്നായ ഹാരി പോട്ടർ ഫാന്റസി സീരീസിന്റെ സ്രഷ്ടാവാണ് ജോവാൻ റൗളിങ് എന്ന ജെ.കെ. റൗളിങ്. മാന്ത്രികകഥകളുടെ നവ്യലോകം കുട്ടികൾക്കു മുന്നിൽ തുറന്നിട്ട ലോകപ്രസിദ്ധ എഴുത്തുകാരിയും കോടിക്കണക്കിനു ബാലികാബാലകന്മാർക്കു പ്രിയപ്പെട്ട കഥാകാരിയുമായ റൗളിങ്ങിന്റെ ഹാരി പോട്ടർ പരമ്പരയിലെ ആദ്യ പുസ്തകം "ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ" പ്രസിദ്ധീകരിക്കപ്പെട്ടത് 1997 ജൂൺ 30നായിരുന്നു. നോവലിസ്റ്റ്, ചലച്ചിത്രനിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും തന്റെ വ്യക്തിത്വം ലോകത്തെ അറിയിച്ച വനിതയാണ് ജെ.കെ. റൗളിങ്. ഹാരി പോട്ടർ ഫാൻ്റസി പരമ്പര വിജയക്കൊടിയേറി അഞ്ഞൂറു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റ് ചരിത്രം സൃഷ്ടിച്ച പുസ്തകപരമ്പരയായി മാറി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ട ബ്രിട്ടനിലെ എഴുത്തുകാരിയും ലോകത്തിലെ ഏറ്റവും ധനികയായ വ്യക്തികളിലൊരാളുമാണ് ജെ.കെ. റൗളിങ്. റൗളിങ്ങിന്റെ "ഹാരി പോട്ടർ ആൻഡ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്" 2003 - ൽ പുറത്തിറങ്ങിയപ്പോൾ ഒരു സെക്കൻഡിൽ എട്ടു കോപ്പി വീതമാണ് ബ്രിട്ടനിൽ വിറ്റഴിഞ്ഞത്. കൂടുതൽ വേഗതയിൽ വിറ്റഴിക്കപ്പെട്ട പുസ്തകമെന്ന ബഹുമതിയും ഈ പുസ്തകം കരസ്ഥമാക്കി. അച്ചടിക്കു മുൻപേ തന്നെ ഇരുപതു ലക്ഷം കോപ്പികളുടെ പ്രീ - പബ്ലിക്കേഷൻ ലഭിച്ച് ലോക റെക്കോഡ് നേടിയ പുസ്തകമാണ് 2007ൽ പുറത്തിറങ്ങിയ "ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്ലി ഹാലോസ്". ഇക്കാലത്തിനിടയ്ക്ക് എൺപതോളം ലോകഭാഷകളിൽ ഈ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. “ഹാരി പോട്ടർ" എന്ന സാഹസികനായ,ലോകം കീഴടക്കിയ, കൊച്ചു മാന്ത്രികനായ കുസൃതിക്കുരുന്നിന് ഭാവനയിലൂടെ ജന്മം നല്കിയ റൗളിങ് തികഞ്ഞ ആത്മവിശ്വാസം കൈമുതലാക്കിയാണ് ഓരോ പരമ്പരയും വിജയകരമായി പൂർത്തീകരിച്ചത്. സാമൂഹികസേവനപ്രവർത്തനങ്ങളും ഹാരിപോട്ടർ കഥകളുടെ പ്രശസ്തിയും പരിഗണിച്ച് റൗളിങ്ങിന് പല ബഹുമതികളും ലഭിക്കാനിടയായി . അവസാന നാലു ഹാരി പോട്ടർ പുസ്തകങ്ങളും ചരിത്രത്തിൽ കൂടുതൽ വേഗത്തിൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളായി തുടർച്ചയായി റെക്കോഡ് സ്ഥാപിച്ചു . മൊത്തത്തിൽ നാലായിരത്തിലധികം പേജുകളുള്ള പുസ്തക പരമ്പര പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ കഠിനപ്രയത്നത്തിലൂടെ മുന്നേറാൻ, തിരിച്ചടികളെ സധൈര്യം നേരിടാൻ, സ്വപ്നങ്ങളെ മുറുകെപ്പിടിക്കാൻ ആരെയും പ്രചോദിപ്പിക്കുന്നതാണ് ജെ.കെ. റൗളിങ്ങിന്റെ ജീവിതകഥ . ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ജോവാൻ ലോകമാദരിക്കുന്ന ജെ.കെ. റൗളിങ്ങായി മാറിയ കഥ