ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു മാധവിക്കുട്ടി. 1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിൻ്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.സുലോചന നാലപ്പാട്ട് സഹോദരിയാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു. "മാധവിക്കുട്ടിയുടെ നോവെല്ലകൾ" എന്ന സമാഹാരത്തിൽ അവരുടെ എട്ട് നോവെല്ലകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.