ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്. 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്. സ്വതന്ത്ര സമര സേനാനി ആയിരുന്നു.നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.