നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴത്തിനു ശേഷം എം.ടി. വാസുദേവൻ നായർ എഴുതിയ നോവലാണ് വാരാണസി. ആത്മീയ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ഭാരതീയമായ കരുത്തോടെ, ഒരു ഗുഹാ ചിത്രത്തിൻ്റെ ചാതുരിയോടെ അവതരിപ്പിക്കുകയാണ് എം.ടി. കാലത്തിൻ്റെ ഭിന്നമുഖങ്ങളെ മനുഷ്യരോടടുപ്പിച്ച് തികച്ചും ദാർശനികമായ ഒരവലോകനം ഇതിൽ നടക്കുന്നുണ്ട്. ജീവിതത്തിെലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടിെ വാരാണസിയിലെത്തുന്ന എന്ന സുധാകരൻ എന്ന മലയാളി വർഷങ്ങൾക്കു ശേഷം വീണ്ടും അതേ ബിന്ദുവിൽ എത്തി നിൽക്കുമ്പോൾ ഭൂതകാലത്തിൽ നിന്നു പതിരും കതിരും പെറുക്കിയെടുക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥവും രതിയും യുവത്വവും ഭക്തിയും ജീവിതത്തിൻ്റെ വൈരുധ്യങ്ങളും സങ്കീർണതകളുമെല്ലാം ഉടലോടെ ത്രസിച്ചുണരുകയാണ് ഇവിടെ. ഒടുവിൽ തീവ്ര വികാരങ്ങളെ ഗർഭം ധരിക്കുന്ന നിസ്സംഗതയുമായി ആത്മ പിണ്ഡം സമർപ്പിച്ച് മാറ്റൊരു ഇടത്താവളത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. വാരാണസിയിൽ സുധാകരൻ ഗംഗയിലൂടെയല്ല,മറിച്ച് കാലത്തിൻ്റെ പക്വതയിൽ തണുത്തുപോയ ഓർമ്മകളിലൂടെയാണ് ആത്മശുദ്ധീകരണം നടത്തുന്നത്. വായിച്ചു നിർത്തുമ്പോൾ തെറ്റും ശരിയും ഇഴപിരിഞ്ഞ് കിടക്കുന്ന ജീവിത്തിേലേയ്ക്കു പാവനസ്നേഹത്തിെൻ്റെ അവാച്യമായ ദർശനം വായനക്കാർക്കു പകർന്നുകൊടുക്കുന്ന വിധം മാന്ത്രികവും കാവ്യാത്മകവുമായ എം.ടിയുടെ ഭാഷ വികസിക്കുന്നുണ്ട്. ഈ നോവൽ 2013 ൽ എൻ.ഗോപാലകൃഷ്ണൻ ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തു.